കമ്മ്യുണിസത്തിന്‌ ഇനിയെന്തു പറ്റാൻ?


ഞാനറിഞ്ഞ കമ്മ്യുണിസവും എനിക്ക് കാണിച്ചു തന്ന ഒരുതരം പ്രാവർത്തിക കമ്മ്യുണിസവും എന്നെ സ്വാധീനിച്ച സഖാക്കളും എന്റെ യുക്തിചിന്തയും കാലഹരണപ്പെടുന്നുവെന്ന തോന്നലാണ്‌ ഈ ചിന്താശകലത്തിന്റെ ഉറവിടം. സ്ഥലം കുമരകത്ത് വേമ്പനാട്ടുകായലിലേക്കു തള്ളി നില്ക്കുന്ന തുരുത്തിലെ കള്ളൂഷാപ്പ്, ഏകദേശം 25 വർഷങ്ങൾക്ക് മുൻപ്, മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ച. കിട്ടിയ 500 രൂപ മാസശമ്പളം ജനനന്മക്കു വേണ്ടി ചിലവഴിക്കാൻ ഒത്തു കൂടിയ റെസിഡൻസ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അടിമവർഗത്തിന്റെ ഒരു ചെറിയ കൂട്ടം. ഒരു കുടം കള്ളും അതിനൊപ്പം കപ്പയും കക്കയിറച്ചിയും അകത്തു ചെന്നപ്പോൾ പല്ലു പറിക്കുന്ന അടിമയൊരു ചോദ്യം “വാട്ടീസ് ദിസ് കമ്മ്യുണിസം?”. കമ്മ്യുണിസമെന്താണെന്ന്  എക്സ്പ്ലേൻ ചെയ്യാൻ എണീറ്റുനില്ക്കുകയും അടുത്തിരുന്ന വേരൊരു അടിമയുടെ തലയിൽ വാളുവെക്കുകയും ഒരുമിച്ചായിരുന്നു. അതിനു ശേഷം ഇതുവരെ കമ്മ്യുണിസത്തെക്കുറിച്ച്  എക്സ്പ്ലേൻ  ചെയ്യാൻ ഞനെണീറ്റു നിന്നിട്ടില്ല, ആരും നില്ക്കാൻ സമ്മതിച്ചിട്ടുമില്ല. എന്നാലിപ്പോൾ എന്തിനേയും ഒരു മടിയും കൂടാതെ അധിക്ഷേപിക്കാനും ആധികാരികമായി വിശകലനം ചെയ്യാനും ഒരു പീറ കമ്പ്യൂട്ടറുണ്ടെങ്കിൽ ഏതു വിവരദോഷിക്കും സാധിക്കും എന്ന നില വന്നതോടുകൂടി എനിക്കും ധൈര്യമായി.

ജാതി മത വർഗ വർണ വിവേജനമില്ലാതെ, എന്നാൽ ജോലിയിൽ വിവേജനമാകാം, സ്വന്തമായി ഒന്നുമില്ലാത്ത എന്നാൽ എല്ലാം തന്റെതെന്നു തോന്നിക്കുന്ന എല്ലാവിധത്തിലും തുല്യരായ സഖാക്കൾ ആമോദത്തോടെ വസിക്കുന്ന അതിർത്തികളില്ലാത്ത ഒരു യുട്ടോപ്യൻ സ്റ്റേറ്റ്. അതാണ്‌ ഒരു സാധരണക്കാരന്റെ മനോപരിധിക്ക് ഉതകുന്ന മാർക്സിയനിസത്തിന്റെ ഒറ്റ വാചകത്തിലുള്ള എക്സ്പ്ലനേഷൻ. ഹാവു! ഇനി എനിക്കൊരു ശ്വാസം വിടാം. കാറലിന്റെ മൂലധനം മുഴുവൻ ഒരു വാചകത്തിലൊതുക്കാൻ കുറെ പാടുപെട്ടൂ. ഏൻഗൽസിന്‌ എന്നോട് ഒരു ചെറിയ വിഷമം തോന്നിയേക്കാം. ചത്തുപോയ ഏൻഗൽസ് ഒന്നു വിഷമിച്ചാൽ തന്നെ എനിക്കെന്താ? തീർച്ചയായും സ്വർഗ്ഗത്തിൽ പോകാനിരുക്കുന്ന ഞാൻ അങ്ങോരെ ഒരിക്കലും കാണാനും പോകുന്നില്ല. അഥവ പത്രോസിനെ മണിയടിച്ച് അങ്ങോര്‌ സ്വർഗത്തിലെത്തിയാലും, ഐ ഹാവ് നോ ഫിയർ. സ്വർഗത്തിലെത്തുന്ന എനിക്ക് ദേഹമില്ലാത്തതു കൊണ്ട് രണ്ടു തല്ലു കൊണ്ടാലും നോവില്ലല്ലോ! ഏൻഗൽസിന്റെ പേര്‌ കാപ്പിറ്റലിൽ കൂട്ടിക്കുഴക്കാതിരുന്നതിലൊരു കാരണമുണ്ട്. ഏഴാം ക്ലാസ്സുപോലും പാസ്സാകാത്ത ഏൻഗലപ്പൻ ദസ് കാപ്പിറ്റിൽ പോയിട്ട് ഏക് കാപ്പിറ്റൽ പോലും എഴുതാനാകില്ലായെന്ന് കടുത്ത കമ്മ്യുണിസ്റ്റുകാർക്കു പോലും അറിയാം. പൂത്ത കാശ്ശുണ്ടായിരുന്ന ഏൻഗലപ്പൻ ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു. ആ താറാവിനെ കൊല്ലാതെ മാർക്സളിയൻ കൂടെ കൊണ്ടു നടന്നു. അങ്ങനെ ഏൻഗലപ്പന്റെ കാപ്പിറ്റൽ കൊണ്ടാണ്‌ പത്ത് കാപ്പിറ്റലും എഴുതി പൂർത്തിയാക്കിയത്.

മാർക്സ് വിഭാവനം ചെയ്ത തുല്യത വർക്കിംഗ് ക്ലാസ് എന്നറിയപ്പെടുന്ന താഴെ കിടയിലുള്ള സഖാക്കൾക്കു മാത്രമുള്ളതാണ്‌. അവരാണല്ലോ അടിച്ചമർത്തപ്പെട്ടവർ, ചൂഷണം ചെയ്യപ്പെട്ടവർ. അവരാണല്ലോ ജനസംഖ്യയിൽ 95 ശതമാനവും! അങ്ങനെയാകുമ്പോൾ നൂറു ശതമാനം മൂലധനവും വെറും 5 ശതമാനത്തിന്റെ നിയന്ത്രണത്തിലാകുന്നു. നമ്മുടെ ഇപ്പോഴത്തെ സ്ഥിതിയോ? ലോകത്തുള്ള മൂലധനത്തിന്റെ 95 ശതമാനവും വെറും 5 ശതമാനം മുതലാളിമാരുടെ കയ്യിലാണ്‌. ഇനിയൊരു പത്ത് വർഷം കൊണ്ട് 100 ശതമാനം സ്വത്തും 5 ശതമാനം വരുന്ന വൻകിട മുതലാളിമാരുടെ കൈയിലാകും. മുതലാളിമാരുടെ പേരു മാറ്റി പോളിറ്റ് ബ്യുറോ എന്നാക്കിയാൽ, ഈ ലോകം കാറൽസ് വിഭാവനം ചെയ്ത ഗ്ലോബൽ കമ്മ്യുണിസ്റ്റ് സ്റ്റേറ്റായി മാറും. തോക്കിൻ കുഴലിലൂടല്ലാതെ രക്തച്ചൊരിച്ചിലില്ലാതെ കാപിറ്റലിസത്തിലൂടെ കമ്മ്യുണിസ്റ്റ് സ്വപ്നം പൂവണിയും. അങ്ങനെ കമ്മ്യൂണിസവും കാപിറ്റലിസവും ഒന്നായി തീരുന്ന സുവർണദിവസത്തിനായി നമുക്ക് കാത്തിരിക്കാം.

ഇതിനൊരു തലക്കെട്ടിനുവേണ്ടി എന്റെ തലക്കകവും പുറവും മുഴുവൻ തപ്പി നോക്കി. “കമ്മ്യൂണിസമെന്ത്”, “കമ്മ്യൂണിസത്തിനെന്തു പറ്റി” മുതലായ തലക്കെട്ടിനു താഴെ കുറെ പേർ എഴുതി ചളമാക്കിയതാണ്‌. സോവിയറ്റ് യൂണിയനിലും കിഴക്കൻ യുറോപ്പിലും ചൈനയിലും ഇപ്പോൾ ക്യുബയിലും പിന്നെ നമ്മുടെ കേരളത്തിലും നടക്കുന്നതു കണ്ടപ്പോൾ, ഇനി ഈ കമ്മ്യൂണിസത്തിനെന്തു പറ്റാൻ എന്ന തലക്കെട്ടു തന്നെയാണ്‌ നല്ലതെന്നു തോന്നി.

കോഴിക്കോടൻ പാർട്ടി കോൺഗ്രസു കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു ചെറിയ വിങ്ങൽ അപ്പോൾ തോന്നിയത് ഇവിടെ കുത്തി കുറിച്ചതാണ്‌. വിസ് കൂടി പടിയിറങ്ങിയാൽ പാർട്ടി കോൺഗ്രസ് എന്നുള്ളത് തിരിച്ചിട്ട്  
ചെന്നിത്തലയുടെ ചുറ്റിനും ഇരുന്ന്  ഒറ്റകക്ഷി രാഷ്ടീയം കേരളത്തിൽ തിരിച്ചു കൊണ്ടു വരാൻ കണ്ണൂരിന്റെ കുട്ടി വേതാളങ്ങൾ ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം.

-ചെറിയാൻ




Comments

Popular posts from this blog