Piravam

 പിറവം പഠിപ്പിച്ചത്


പിറവത്ത് ഒരു ഉപതിരഞ്ഞെടുപ്പുണ്ടായി. രണ്ടു ജേക്കബുമാർ തമ്മിലായിരുന്നു മത്സരം. ഒരു മൂന്നാമനുണ്ടായിരുന്നു. സൂര്യനുദിമ്പോൾ മാത്രം വിരിയുന്ന താമര പോലെ തിരഞ്ഞെടുപ്പുകളിൽ മാത്രം കാണുന്ന ഒരു ചന്ദനലേപി. സ്വന്തം വീട്ടുകാർ പോലും വോട്ടു ചെയ്യാൻ മടിക്കുന്ന പിറവംകാരനല്ലാത്ത ചന്ദനകുമാരനെ നമുക്കു വിടാം.


ഇനി രണ്ടു ജേക്കബുമാരുടെ പല്ലിടകുത്തിയൊന്നു മണപ്പിച്ചു നോക്കാം.  പേര്‌  രണ്ടും  ഒന്ന്, രണ്ടു പേരും പിറവത്തിന്റെ മക്കൾ. ജാതിയും ഒന്നു തന്നെ. ജാതി ഒന്നു കൂടെ ചൂഴ്ന്നു നോക്കിയാൽ, രണ്ടും യാക്കോബായ സഭക്കാർ. പത്രോസിനു മാത്രമെ പള്ളി പണിയാൻ ദൈവം ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുള്ളതെന്നും ഓർത്തഡോക്സുകാർ പള്ളി തുറന്നാൽ അതു പുട്ടിക്കാൻ അച്ചന്മാരുടെ കൂടെ തെരുവിലിറങ്ങാൻ തയ്യാറായി നില്ക്കുന്ന കുഞ്ഞാടുകൾ. വേണ്ടി വന്നാൽ ഒന്നോ രണ്ടോ ഓർത്തഡോക്സുകാരെ തല്ലാനോ കൊല്ലാനോ തയ്യാർ! അനൂപെന്ന ജേക്കബ് രാവിലെ എണീറ്റാലുടൻ പള്ളിയിൽ, ഉച്ചക്കുണിനു മുൻപ് പള്ളിയിൽ, കിടക്കുന്നതിനു മുൻപും പള്ളിയിൽ! യാക്കോബായിലെ വലിയ തിരുമേനി പോലും ഒരു മാസത്തിനിടയിൽ ഇത്രയും നേരം പള്ളിയിൽ പോയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. അനൂപല്ലാത്ത ജേക്കബിന്‌ കമ്മ്യുണിസ്റ്റുകാരനായതു കൊണ്ട് ഇത്രയും പബ്ലിക്കായി പള്ളി സ്നേഹം കാണിക്കാൻ പറ്റില്ല. അതു കൊണ്ട് കമ്മ്യുണിസ്റ്റുകാരായ യാക്കോബായ തീവ്രന്മാരുടെ വോട്ടു നഷ്ടമാകുമെന്ന് പാർട്ടിയുടെ ജില്ലാ ഘടകം പല തവണ വിലയിരുത്തിയതാണ്‌. അങ്ങനെ പണിയില്ലാതെ നടക്കുന്നവരുടെ പോളിറ്റ് ബ്യുറോ (അവയിലബിൾ പോളിറ്റ് ബ്യുറോ എന്ന് തർജ്ജമ) പിറവത്തിനു വേണ്ടി മാത്രം പ്രത്യയശാസ്ത്രത്തിൽ ചെറിയ അയവു വരുത്തി. പാർട്ടിയണികളും അനൂപല്ലാത്ത ജേക്കബും പിറവം സെന്റ് മേരീസ് പള്ളിയുടെ മുൻപിലുള്ള പാർട്ടി ഓഫീസിനെ നോക്കി ഒരു പ്രാവിശ്യം ഇങ്കുലാബ് വിളിച്ചതിനു ശേഷം പള്ളിയുടെ നേർക്കു തിരിഞ്ഞ് മൂന്നു പ്രാവിശ്യം കുരിശു വരക്കുക. ഇത് അനൂപിനെ പോലെ ദിവസത്തിൽ മൂന്നു നേരം ആവർത്തിക്കുക.


ഇനി പടക്കളത്തിലേക്ക്, ഇനിയും ഒരുപാട് അങ്കത്തിനു ബാല്യമുണ്ടെന്നു പറഞ്ഞ് എംജെയും. കന്നിപോരാട്ടത്തിന്‌ ഖദറിട്ട് അനൂപും ഗോദയിൽ ഇറങ്ങിയതോടെ ആട്ടക്കളി തുടങ്ങി.  പിറവത്ത് രണ്ടു ജേക്കബുമാർക്കും പണമൊരു പ്രശ്നമല്ലായിരുന്നു. ബിനാമി സിനാമി ഡിനാമി തുടങ്ങി 25 നാമികളുടെ പേരിൽ കോടിക്കണക്കിനു സ്വത്തുള്ള അനൂപിന്‌ ഫ്യു ക്രോട്സ് വെറും പോക്കറ്റ് മണി മാത്രം. ദോഷം പറയരുതല്ലോ, 250 രൂപാ കൊടുത്ത് ഏകദേശം 15 വർഷത്തിനു മുൻപ് വിന്റ്സർ കസ്സിലിൽ നിന്നും കുഴിച്ച് ഉച്ചയുണിന്റെ രുചി ഇപ്പോഴും വായിൽ നില്ക്കുന്നു.  എന്റെ 250 രൂപ ഏതു നാമിയുടെ പോക്കറ്റിൽ പോയാലെന്താ? ബെഞ്ചിന്മേൽ കിടന്നുറങ്ങി കട്ടൻ ചായ കുടിച്ചു നടന്നിരുന്ന കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ കാലമൊക്കെ കഴിഞ്ഞു പോയി. വിമാനത്തിൽ പറക്കുകയും സ്ഥിരം മട്ടൻ ചാപസും വോഡ്കയുമടിക്കുന്ന നേതക്കന്മാരുടെ പാർട്ടിക്ക് ഇപ്പോൾ കോടികളുടെ ആസ്തിയാണ്‌. അങ്ങനെ രണ്ടു മുന്നണിയും കൂടെ പിറവത്തിന്റെ മുകളിൽ പരിന്തും പറക്കാത്ത സ്ഥിതിയാക്കി. വഗ്ദാനങ്ങളൊന്നുമില്ലാതെ ഇടതു മുന്നണിയും മന്തി സ്ഥാനവും പിന്നെ ഒരു കുട്ടനിറച്ച് വാഗ്ദാനങ്ങളുമായി വലതു മുന്നണിയും പ്രചാരണം അവസാനിപ്പിച്ചു. പിറവം വോട്ടു ചെയ്തു. അനൂപൻ പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.


ജയിച്ചവന്റെ വിജയഗാഥ മാത്രമെ ചരിത്രമാകറുള്ളു. അതു  കൊണ്ട് ജയിച്ചവന്റെ  കൂടെ നിന്ന് തന്നെയാകാം അവലോകനം. ആദ്യം എന്തു കൊണ്ട് പിറവത്തുകാർ എംജെക്ക് വോട്ടു ചെയ്തില്ല എന്നു പരിശോധിച്ചതിനു ശേഷം അനൂപിനെ വാഴ്ത്താം. അതിന്‌ പിറവത്തെക്കുറിച്ച് ഒന്നു പഠിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ബാഗ്ളൂരായ കാക്കനാടിന്‌ തെട്ടടുത്തു കിടക്കുന്ന സ്ഥലം. ശരാശരി വിദ്യഭ്യാസം പത്താം ക്ളാസിനു മുകളിൽ, പട്ടിണിയില്ല. തൊഴിലില്ലയ്മയില്ലാ എന്നു മാത്രമല്ല പണിയെടുക്കുവാൻ പശ്ചിമ ബംഗാളിൽ നിന്നും ആളെയിറക്കുന്ന നാട്. അതായത് ഒരു കമ്മ്യുണിസ്റ്റുകാരന്‌ വോട്ടൂ ചെയ്യേണ്ട അട്സ്ഥാന ഘടകങ്ങളൊന്നും അവിടെയില്ല. നിങ്ങളെങ്ങനെ നിങ്ങളായെന്നു മറക്കാനാവാത്ത ചിലരൊക്കെ എംജെക്ക് വോട്ടു ചെയ്തു. അതു കൊണ്ട് കെട്ടി വെച്ച കാശ്ശ് തിരിച്ചു കിട്ടി. പിന്നെ പിറവത്തുകാർ ഓർത്തു കാണും ഈ എംജെയെ ജയിപ്പിച്ച് നിയമ സഭയിലേക്ക് വിട്ടാൽ അവിടെ ചെന്ന് എന്തോ ചെയ്യാനാ? നിയമ സഭ കൂടുന്നതിനിടയിൽ ഏതു നിസാര കാരണത്തിനും നടുക്കളത്തിറങ്ങി നിന്ന് ലഹള വെക്കാനും, ഉച്ചയൂണിനു മുൻപ് വാക്കൌട്ട് നടത്തി വീട്ടിൽ പോയി കിടന്നുറങ്ങുവരുടെ കൂടെ ഒരാൾ ബലത്തിന്‌ എംജെയെ കൂടെ കൂട്ടാനോ? അതു വേണ്ടായെന്ന് പിറവത്തുകാർ തീരുമാനിച്ചു കാണും. പിന്നെ അനൂപിനെ ജയിപ്പിച്ചാൽ പത്തു കോടി കക്കുമ്പോൾ ഒരു കോടിയെങ്കിലും പിറവത്തുകാർക്ക് കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ ടോർച്ചു ലൈറ്റിൽ ആഞ്ഞു കുത്തി. കുറച്ച് വിവരമുള്ള പിറവത്തുകാരും ടോർച്ചുലൈറ്റിൽ കുത്തിയെന്നണു കേഴ്വി! അപ്പൻ ജേക്കബ് ഉണ്ടാക്കിയിട്ടതൊക്കെ പത്തു തലമുറ തിന്നു മുടിച്ചാലും തീരില്ല. അതു കൊണ്ട് അനൂപന്‌ ഈ മന്ത്രി സ്ഥാനമൊന്നും വലിയ കാര്യമല്ല. കാര്യമാക്കിയാൽ തന്നെ ഈ പയ്യൻസിനെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റുകയുമില്ല. എന്നാൽ പയ്യൻസിനിരിക്കട്ടെ വോട്ടെന്ന് അവരും കരുതി.


ഇനിയവൻ സർക്കാർ ചിലവിൽ കുറച്ചു നാൾ തിന്നും കുടിച്ചും പീഢിപ്പിച്ചും നടക്കട്ടെ. സ്വജനത്തെ പ്രീതിപ്പിച്ച് അതിൽ നിന്ന് കിട്ടുന്ന കൈമടക്കും വാങ്ങി അപ്പനുണ്ടാക്കി വെച്ച വലിയ പെട്ടിയിലിട്ട് മുടിയനല്ലാത്ത പുത്രനായി ജീവിക്കട്ടെ. സ്ഥിരം ദു:ഖപര്യവസാനിയായ കമ്മ്യുണിസ്റ്റ് നാടകത്തിൽ നിന്നും ഒന്നു വ്യതിചലിച്ച്, പിറവത്തുകാർ അനൂപിനെ സിംഹാസനത്തിലിരിത്തി വഴിച്ച് സംഘഗാനം പാടിയവസാനിപ്പിച്ചു. ഇനി നെയ്യാറ്റിങ്കരയിൽ തുണി പോങ്ങുന്നതു വരെ ഈ നാടകം ഇവിടെ അവസാനിക്കുന്നു.


വാൽക്കഷണം...


പിറവത്തുകാർ തന്നെയാണ്‌ ഇവിടത്തെ താരം. രണ്ടു മുന്നണിയുടെ പേരിൽ ഒരു മാസമായി ഫ്രീയായി കള്ളു കുടിച്ചും ശാപ്പാടടിച്ചും നടന്ന പിറവത്തുകാർ തന്നെ മിടുക്കന്മാർ! പിറവത്തു പിറക്കാതെ പോയതിൽ പിറവത്തുകാരല്ലാത്തവരോട് കൂടെ ഞാനും ദു:ഖിക്കുന്നു.
-ചെറിയാൻ

Comments

Popular posts from this blog

കമ്മ്യുണിസത്തിന്‌ ഇനിയെന്തു പറ്റാൻ?